അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നുവെന്ന നടി റോഷ്ന ആൻ റോയിയുടെ വെളിപ്പെടുത്തലിന് പരോക്ഷ മറുപടിയുമായി നടൻ. പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കുന്നവരോട് ക്ഷമിക്കുന്നുവെന്ന് അജ്മല് അമീര് സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചു.
അവര് സംസാരിക്കട്ടെ. അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ. അപമാനിക്കട്ടെ, ചതിക്കട്ടെ, തകര്ക്കാന് ശ്രമിക്കട്ടെ. എങ്കിലും ക്ഷമിക്കുക. കാരണം ശാന്തതയാണ് നിങ്ങളുടെ ശക്തി.
ശ്രദ്ധകിട്ടാന് വേണ്ടി അവര് ഉപയോഗിക്കുന്നതെന്തും നിങ്ങളുടെ ശക്തി വ്യക്തമാക്കുക മാത്രമേയുള്ളൂ. അവര് ഏല്പ്പിക്കുന്ന ഓരോ മുറിവും തിരിച്ചറിവാകുന്നു, ഓരോ അവസാനവും പുതിയ തുടക്കമാവുന്നു. വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുക. കൂടുതല് കരുത്തോടെ, ബുദ്ധിയോടെ, സ്പര്ശിക്കാനാവാതെ. നടന് കുറിച്ചു.
അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാട്ട്സാപ്പ് കോൾ റിക്കാർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്മലിന്റെ മുഖം കാണിക്കുന്നുമുണ്ട്.
പിന്നാലെ, തന്റെ പേരിൽ വന്ന വീഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ രംഗത്തെത്തി. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്മലിന്റെ വാദം. ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ അജ്മലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അജ്മല് തനിക്കും മെസേജ് അയച്ചുവെന്ന് ആരോപിച്ച് റോഷ്ന ആന് റോയ് രംഗത്തെത്തിയത്.